പ്രമുഖ അധ്യാപകരെ ആദരിച്ച് ഖത്തർ

ദോഹ: ഖത്തറിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി രാജ്യത്തെ മുൻനിര അധ്യാപകരെ ആദരിച്ചു. ലോക അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനി അധ്യാപകർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
തങ്ങളുടെ ദീർഘകാലത്തെ സേവനത്തിനുള്ള മികച്ച അംഗീകാരമാണ് ഈ ആദരവെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ
അദ്ധ്യാപകർ പറഞ്ഞു. അക്കാദമിക മികവിനൊപ്പം രാജ്യത്തിന്റെ തനിമയും പാരമ്പര്യവും വരുംതലമുറകളിലേക്ക് പകർന്നുനൽകാൻ കൂടുതൽ ഖത്തറി യുവാക്കൾ അധ്യാപന മേഖലയിലേക്ക് കടന്നുവരണമെന്ന് ചടങ്ങിൽ ആദരിക്കപ്പെട്ട അധ്യാപകർ ആഹ്വാനം ചെയ്തു.നോറ അൽ ജഹ്‌റാമി, ആമിന ദർവിഷ്, നോറ അൽ മാലിക്കി, സ്വാലിഹ് അൽ മർറി, റാഷിദ് അൽ നുഐമി, ശൈഖ അൽ സായിഗ് തുടങ്ങിയ പ്രമുഖ അധ്യാപകരും ചടങ്ങിൽ ആദരിക്കപ്പെട്ടു.
വിദ്യാഭ്യാസ മേഖലയെ സജീവമാക്കാനും യുവതലമുറയിലെ കഴിവുള്ളവരെ ഈ രംഗത്തേക്ക് ആകർഷിക്കാനും സർക്കാരിന്റെ ഇത്തരം പ്രോത്സാഹനങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് അധ്യാപകർ കൂട്ടിച്ചേർത്തു.










